ട്രംപിന്റെ രണ്ടാം ഭരണത്തിൽ നിന്ന് രക്ഷപ്പെടാം! അമേരിക്കക്കാർക്ക് 4 വർഷത്തെ ക്രൂയിസ് യാത്രാ പാക്കേജുമായി കമ്പനി

By: 600007 On: Nov 18, 2024, 9:27 AM

 

വാഷിങ്ടൺ: നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ടേം ഭരണകാലത്തുനിന്ന് നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന അമേരിക്കക്കാർക്ക് അവസരമൊരുക്കി ഒരു ക്രൂയിസ് കമ്പനി. അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ദിവസങ്ങൾക്ക് ശേഷമാണ്, വില്ല വീ റെസിഡൻസസ് അവരുടെ 'ടൂർ ലാ വീ' പ്രോഗ്രാം പ്രഖ്യാപിച്ചിരിക്കുന്നത്. ക്രൂയിസ് കപ്പലിൽ നാല് വർഷം വരെ ലോകം ചുറ്റി സഞ്ചരിക്കാം എന്നാണ് കമ്പനിയുടെ വാഗ്ദാനം. 140 രാജ്യങ്ങളിലെ 425 ലധികം തുറമുഖങ്ങളിൽ ക്രൂയിസിൽ സഞ്ചരിക്കാമെന്നും വാര്‍ത്താകുറിപ്പിൽ കമ്പനി അറിയിക്കുന്നു.


നാല് പാക്കേജുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഒരു വര്‍ഷത്തെ പാക്കേജിന് 'എസ്കേപ്പ് ഫ്രം റിയാലിറ്റി" എന്നാണ് പേര്. രണ്ട് വര്‍ഷത്തെ പാക്കേജിന് 'മിഡ് ടേം സെലക്ഷൻ" എന്നും മൂന്നാം വര്‍ഷം 'എവരിവേര്‍ ബട്ട് ഹോം ആൻഡ്', നാല് വര്‍ഷത്തെ പാക്കേജി്ന് 'സകിപ് ഫോര്‍വാഡ്' എന്നുമാണ് പേര്. ഒരാൾക്ക് നാൽപതിനായിരം ഡോളര്‍ മുതലാണ് പാക്കേജ് ആരംഭിക്കുന്നത്. നാല് വർഷത്തെ പാക്കേജിന് ഒരാൾക്ക് ഒരു ഡബിൾ റൂമിന് 159,999 ഡോളര്‍, അല്ലെങ്കിൽ സിംഗിൾ ഒക്യുപൻസി ക്യാബിന് 255,999 ഡോളര്‍ എന്നിങ്ങനെ ചെലവാകും.

നിങ്ങൾ രക്ഷപ്പെടണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ, അതിന് ഒരു കപ്പലിനേക്കാൾ മികച്ച ഇടമില്ല, നിങ്ങൾക്ക് എല്ലാ ദിവസവും ഒരു പുതിയ ഇടത്ത് ഉറങ്ങി എഴുന്നേൽക്കാം എന്നും കമ്പനിയുടെ സ്ഥാപകനായ മൈക്കൽ പീറ്റേഴ്സൺ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലമല്ല ക്രൂയിസ് ആശയത്തിന് പിന്നിൽ.  അത് എപ്പോഴും സംഭവിക്കാമായിരുന്നു. യാദൃശ്ചികമായി തെരഞ്ഞടുപ്പ് നടന്നു. 

ട്രംപ് വിജയിച്ചു. ഞങ്ങൾക്ക് ഒരു രാഷ്ട്രീയ വീക്ഷണവും, താൽപര്യങ്ങളും ഇല്ല. ഏതെങ്കിലും തരത്തിൽ ഭീഷണി നേരിടുന്നതും പുറത്തുകടക്കാൻ മാര്‍ഗം തേടുന്നവര്‍ക്കും ഒരു അവരമൊരുക്കാൻ ഞങ്ങൾ ആഗ്രഹിച്ചു എന്നുമാത്രമാണെന്നും പീറ്റേഴ്സൺ കൂട്ടിച്ചേര്‍ത്തു. ക്രൂയിസ് പ്രഖ്യാപിച്ചതിന് ശേഷം വില്ല വി റെസിഡൻസസിന് വലിയ വളര്‍ച്ചയാണ് ഉണ്ടാകുന്നത്. ടൂര്‍ പാക്കേജിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നുണ്ടെന്ന് പീറ്റേഴ്‌സൺ പറഞ്ഞു.